ഉപഭോക്താക്കളുമായുള്ള മികച്ച AI സംഭാഷണങ്ങൾക്കായുള്ള അഞ്ച് രീതികൾ

ഗുണനിലവാരം തെളിയിക്കപ്പെട്ട അഞ്ച് സംഭാഷണ ഡിസൈൻ രീതികൾ, ഉപയോക്താക്കളുമായി നേരിട്ട് ഇടപഴകുന്ന AI ഏജൻ്റുകളെ കൂടുതൽ വ്യക്തതയുള്ളതും ഫലപ്രദവുമായ രീതിയിൽ സംഭാഷണം നടത്താൻ സഹായിക്കുന്നു.

പ്രധാന സംഗ്രഹം

  • മിക്ക പ്രോംപ്റ്റ് എഞ്ചിനീയറിംഗും കൃത്യതയിലും നിർദ്ദേശങ്ങൾ പൂർണ്ണമാക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ യഥാർത്ഥ ഉപയോഗത്തിൽ ഏറ്റവും വലിയ നേട്ടമുണ്ടാകുന്നത് സംഭാഷണത്തെ തന്നെ പ്രധാന ഡിസൈൻ പ്രശ്നമായി കാണുമ്പോഴാണ്.

  • Trigger-and-action രീതികൾ വ്യക്തമാക്കുന്നത് മോഡലിന് പുറത്തുകടക്കാൻ കഴിയാത്ത ഒരു സ്ക്രിപ്റ്റ് നൽകുന്നതിന് പകരം, എങ്ങനെ സ്വയം തീരുമാനമെടുക്കണമെന്ന് അതിനെ പഠിപ്പിക്കുന്നു. ഒരു പ്രോംപ്റ്റിൽ വിവരങ്ങൾ നൽകുന്ന സ്ഥാനം തന്നെ ഒരു നിർദ്ദേശമാണ്. ഐഡൻ്റിറ്റി എപ്പോഴും ആദ്യവും പെരുമാറ്റ രീതിയിലെ സവിശേഷതകൾ മധ്യത്തിലും കർശനമായ നിയന്ത്രണങ്ങൾ അവസാനത്തിലും വരണം; ഒപ്പം ഏറ്റവും നിർണ്ണായകമായ കാര്യങ്ങൾ രണ്ട് സ്ഥലങ്ങളിലും ആവർത്തിക്കണം.

  • ലക്ഷ്യമിടുന്ന ശബ്ദത്തെയും ശൈലിയെയും കുറിച്ച് വെറുതെ വിവരിക്കുന്നതിനുപകരം, പ്രോംപ്റ്റ് ആ ശൈലിയിൽത്തന്നെ നേരിട്ട് എഴുതുന്നത് ഏറ്റവും ഉയർന്ന സ്വാധീനം ചെലുത്താൻ കഴിയുന്ന ഒരു രീതിയാണ്.

  • ഏറ്റവും മികച്ച രീതിയിൽ സംഭാഷണം നടത്തുന്ന ഏജൻ്റുകൾ പ്രോംപ്റ്റുകളിലെ ഓരോ വ്യത്യസ്ത സന്ദർഭങ്ങളെയും വേറിട്ട ഇടപെടലുകളായി കൈകാര്യം ചെയ്യുന്നവയാണ്; അവ ഓരോന്നിന്നും അനുയോജ്യമായ ഘടന നൽകുമ്പോൾ തന്നെ, സംഭാഷണത്തിലുടനീളം ഒരേ തനിമയും ശബ്ദവും നിലനിർത്താനും അവയ്ക്ക് സാധിക്കുന്നു.

  • ചില സാഹചര്യങ്ങളിൽ, ചിന്തിക്കുന്ന ഏജൻ്റുകളെയും സംസാരിക്കുന്ന ഏജൻ്റുകളെയും വേർതിരിച്ച് നിർത്തുന്നത് കൂടുതൽ വ്യക്തതയുള്ളതും വിശ്വസനീയവുമായ മറുപടികൾ നൽകാൻ സഹായിക്കും; കൂടാതെ സിസ്റ്റത്തിൻ്റെ ആന്തരിക റീസണിംഗ് മറുപടികളിലേക്ക് ചോർന്നുപോകുന്നത് തടയാനും ഇത് ഉപകരിക്കും.

ഭാഷാശാസ്ത്രം, വൈജ്ഞാനിക മനഃശാസ്ത്രം എന്നീ മേഖലകളിലെ ഉൾക്കാഴ്ചകളെ അടിസ്ഥാനമാക്കിയുള്ള പുതിയ പ്രോംപ്റ്റ് രൂപകൽപ്പനാ മാതൃക ഞങ്ങൾ മുമ്പ് അവതരിപ്പിച്ചിരുന്നു. ഞങ്ങളുടെ ഏജൻ്റിന് കൃത്യമായി പ്രവർത്തിക്കാൻ സാധിക്കുന്ന തരത്തിൽ വ്യക്തവും സുരക്ഷിതവുമായ ഒരു പ്രശ്ന പരിധി നിർമ്മിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചാണ് ഞങ്ങൾ അന്ന് എഴുതിയത്; ഉപയോക്താക്കളുമായി നേരിട്ട് ഇടപഴകുന്ന AI സംവിധാനങ്ങൾക്ക് ഒഴിച്ചുകൂടാനാവാത്ത സംഭാഷണത്തിൻ്റെ അടിസ്ഥാന ഘടനയെ ഉൾക്കൊള്ളാൻ ആ പ്രശ്ന പരിധിക്ക് എങ്ങനെ സാധിക്കണം എന്നും ഞങ്ങൾ അതിൽ വിവരിച്ചിരുന്നു.

ഇനി, ഈ തത്വങ്ങൾ പ്രായോഗികമായി നടപ്പിലാക്കാൻ ശ്രമിച്ചപ്പോൾ ഞങ്ങളുടെ പ്രോംപ്റ്റുകളിൽ വന്ന ചില മാറ്റങ്ങളെക്കുറിച്ച് നമുക്ക് പരിശോധിക്കാം.

ഉപയോക്താക്കളുമായി നേരിട്ട് ഇടപഴകുന്ന തത്സമയ സംവിധാനങ്ങളിൽ നൂറുകണക്കിന് പ്രോംപ്റ്റുകൾ മാറി മാറി പരീക്ഷിച്ചതിൽ നിന്നും ഏറ്റവും വലിയ നേട്ടങ്ങൾ ലഭിച്ചത് കൂടുതൽ നിർദ്ദേശങ്ങൾ കൂട്ടിച്ചേർക്കുന്നതുകൊണ്ടോ ഉദാഹരണങ്ങൾ വാരിക്കോരി നൽകുന്നതുകൊണ്ടോ അല്ലെങ്കിൽ സാധാരണ പ്രോംപ്റ്റ് എഞ്ചിനീയറിംഗ് നിയമങ്ങൾ പിന്തുടരുന്നതുകൊണ്ടോ അല്ല അതിന് പകരം സംഭാഷണത്തെ തന്നെ പ്രശ്നത്തിൻ്റെ പ്രധാന കേന്ദ്രമായി ഉൾക്കൊണ്ടതുകൊണ്ടാണ് എന്ന് മനസ്സിലായി.

തുടർച്ചയായ പര്യവേക്ഷണത്തിലൂടെയും പരിശോധനയിലൂടെയും ഫലപ്രദമായ നിരവധി സാങ്കേതികരീതികൾ രൂപപ്പെട്ടു. ഓരോ തവണയും ഞങ്ങൾ പ്രോംപ്റ്റുകളിൽ മാറ്റങ്ങൾ വരുത്തുകയും സംഭാഷണം എവിടെയൊക്കെയാണ് വിജയകരമായതെന്നും പരാജയപ്പെട്ടതെന്നും കൃത്യമായി നിരീക്ഷിക്കുകയും ചെയ്തു; ഈ പരാജയങ്ങളുടെ കാരണങ്ങൾ ഞങ്ങൾ നൽകിയ മാർഗ്ഗനിർദ്ദേശങ്ങളുടെ പോരായ്മകളിലേക്കും പ്രോംപ്റ്റിൻ്റെ ഘടനയിലേക്കും ഭാഷാ പ്രയോഗങ്ങളിലേക്കും തിരികെപോയി പരിശോധിച്ചുറപ്പിച്ചു. ഇതിൻ്റെ ഫലമായി, ആവർത്തിച്ച് ഉപയോഗിക്കാൻ സാധിക്കുന്ന ചില നല്ല പ്രവർത്തനരീതികൾ ഞങ്ങൾക്ക് രൂപപ്പെടുത്താൻ സാധിച്ചു. സംഭാഷണത്തിൽ ഏജൻ്റ് അതിൻ്റെ ചുമതലയെ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നതിലും അതിൻ്റെ അടുത്ത നീക്കം എങ്ങനെ തീരുമാനിക്കുന്നു എന്നതിലും, മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലും ഒരേ ശബ്ദവും ശൈലിയും എത്രത്തോളം വിശ്വസ്തതയോടെ നിലനിർത്തുന്നു എന്നതിലും വലിയൊരു മാറ്റം കൊണ്ടുവരാൻ ഇത്തരം രീതികൾക്ക് സാധിക്കുന്നുണ്ട്.

ഇനി പറയാൻ പോകുന്നത് ഒരു സാർവത്രിക ചട്ടക്കൂടോ അല്ലെങ്കിൽ പ്രോംപ്റ്റ് പൂർണ്ണമായും "പരിഹരിക്കപ്പെട്ടു" എന്നൊരു അവകാശവാദമോ അല്ല. കേവലം പ്രവർത്തനക്ഷമത മാത്രമല്ല, മറിച്ച് മികച്ചൊരു സംഭാഷണം കൂടി ലക്ഷ്യമിട്ടപ്പോൾ യഥാർത്ഥ ഉപയോഗത്തിൽ ഫലപ്രദമെന്ന് തെളിഞ്ഞ കാര്യങ്ങളെ അഞ്ച് രീതികളായി ചുരുക്കി വിവരിക്കുകയാണ് ഇവിടെ ചെയ്യുന്നത്: അതായത്, ഒരു ബ്രാൻഡിൻ്റെ വിശ്വാസ്യത നിലനിർത്താൻ തക്കവണ്ണം വ്യക്തതയുള്ളതും സ്വാഭാവികമായതും സ്ഥിരതയുള്ളതുമായി തോന്നുന്ന മറുപടികൾ.

ചിന്തയേയും സംസാരത്തേയും വേർതിരിക്കുക

ഒരു ഏജൻ്റിക് സംവിധാനം രൂപകൽപ്പന ചെയ്യാൻ പല വഴികളുണ്ടെങ്കിലും ഒന്നിലധികം ഏജൻ്റുകൾ ഒന്നിച്ചു പ്രവർത്തിക്കുന്ന മൾട്ടി ഏജൻ്റ് പ്രവർത്തനരീതികൾക്ക് ഇപ്പോഴും വലിയ പ്രചാരമുണ്ട്. ഇത്തരം സംവിധാനങ്ങളിൽ ഞങ്ങൾ വരുത്തിയ ഏറ്റവും പ്രധാനപ്പെട്ടതും സ്ഥിരതയാർന്നതുമായ മാറ്റം ചിന്തിക്കുന്ന ഏജൻ്റുകളെയും സംസാരിക്കുന്ന ഏജൻ്റുകളെയും വേർതിരിച്ച് നിർത്തുക എന്നതായിരിന്നു.

ഉദ്ദേശ്യങ്ങളുടെ ഏകോപനം, വർഗീകരണം, അറിവ് വേർതിരിച്ചെടുക്കൽ, ടൂളുകളുടെ ഉപയോഗം എന്നിവയെല്ലാം ബാക്ക്-ഓഫ്-ഹൗസ് പ്രവർത്തനങ്ങളാണ്. എന്നാൽ ഉപയോക്താക്കൾക്ക് നൽകുന്ന മറുപടികൾ ഫ്രണ്ട്-ഓഫ്-ഹൗസ് പ്രവർത്തന പരിധിയിൽ വരുന്നു. ഒരേ ഏജൻ്റ് തന്നെ ഒരേ സമയം ഇവ രണ്ടും ചെയ്യുമ്പോൾ സിസ്റ്റത്തിൻ്റെ ആന്തരിക റീസണിംഗും യുക്തിയും മറുപടികളിലേക്ക് ചോർന്നുപോകാൻ സാധ്യതയുണ്ട്. ഇതിൻ്റെ ഫലമായി മറുപടികൾ അനാവശ്യമായ മുൻകരുതലുകൾ നിറഞ്ഞതോ അമിതമായി വിശദീകരിക്കുന്നതോ അല്ലെങ്കിൽ ഉപയോക്താവിൻ്റെ ആവശ്യത്തിന് പ്രാധാന്യം നൽകുന്നതിന് പകരം സിസ്റ്റത്തിൻ്റെ പ്രവർത്തനരീതിക്ക് മാത്രം മുൻഗണന നൽകുന്നതോ ആയി മാറുന്നു.

ഒരു മൾട്ടി-ഏജൻ്റ് സംവിധാനത്തിൽ ഫ്രണ്ട്-ഓഫ്-ഹൗസും ബാക്ക്-ഓഫ്-ഹൗസും തമ്മിലുള്ള ബന്ധം

കസ്റ്റമർ ഫേസിംഗ് സംഭാഷണ തലത്തെയും ചിന്താ തലത്തെയും വേർതിരിച്ചു കാണിക്കുന്ന ഡയഗ്രം; ഇതിൽ ഫ്രണ്ട്-ഓഫ്-ഹൗസ് റീസണിംഗുമായും ടൂളുകളുമായും ബന്ധിപ്പിച്ചിരിക്കുന്നു.

ആ ഒരൊറ്റ നിയന്ത്രണം വിചാരിച്ചതിലും വലിയൊരു പങ്കാണ് വഹിക്കുന്നത്. ഇത് മറുപടികൾ നിലവിലുള്ള സംഭാഷണത്തിൽ തന്നെ അധിഷ്ഠിതമായിരിക്കാൻ സഹായിക്കുകയും കോൺടെക്സ്റ്റ് റീസെറ്റ് ആകുന്നത് തടയുകയും ചെയ്യുന്നു; അതോടൊപ്പം ഞങ്ങൾ "ഡെലിവറിംഗ് ദി ഡെൽറ്റ" എന്ന് വിളിക്കുന്നതിനോട് വളരെ അടുത്തൊരു ഫലം നൽകുകയും ചെയ്യുന്നു. ചുരക്കത്തിൽ, ഉപയോക്താവിനെ യഥാർത്ഥത്തിൽ മുന്നോട്ട് നയിക്കാൻ സഹായിക്കുന്ന ഏറ്റവും ചെറിയതും പുതിയതുമായ ഒരു കാര്യം മാത്രമാണ് ഈ ഏജൻ്റ് ഇവിടെ കൂട്ടിച്ചേർക്കുന്നത്.

ഏത് തരം മറുപടിയാണ് നൽകേണ്ടത് എന്ന തീരുമാനവും വളരെ പ്രധാനപ്പെട്ടതാണ്. മറുപടി എഴുതാൻ തുടങ്ങുന്നതിന് മുമ്പ് തന്നെ ഏത് രീതിയിലുള്ള ഇടപെടലാണ് നടത്തേണ്ടത് — അതായത് ഉത്തരം നൽകുക, വ്യക്തത വരുത്തുക, വഴിതിരിച്ചുവിടുക, അല്ലെങ്കിൽ താൽക്കാലികമായി നിർത്തുക — എന്ന് തിരഞ്ഞെടുക്കാൻ 'സ്പീക്കിംഗ് ഏജൻ്റിനോട്' ആവശ്യപ്പെടുന്നത് സംഭാഷണങ്ങളിൽ സാധാരണയായി ഉണ്ടാകാറുള്ള വലിയൊരു പരാജയം ഒഴിവാക്കാൻ സഹായിക്കുമെന്ന് ഞങ്ങൾ കണ്ടെത്തി: അതായത്, മോശം ഭാഷാ ശൈലി കൊണ്ടുള്ള പരാജയമല്ല, മറിച്ച് സന്ദർഭത്തിന് തികച്ചും അനുയോജ്യമല്ലാത്ത തെറ്റായ മറുപടി നൽകുന്ന അവസ്ഥയാണ് ഇതിലൂടെ വിജയകരമായി കുറയ്ക്കാൻ സാധിച്ചത്.

അനുയോജ്യമായ സാഹചര്യങ്ങളിൽ ഏറ്റവും അത്യാധുനിക മോഡലുകൾ ഈ പ്രവർത്തനരീതിയുടെ അടിസ്ഥാന തത്വങ്ങളെപ്പോലും വെല്ലുവിളിക്കാൻ തുടങ്ങിയിരിക്കുന്നു എന്നത് ഇവിടെ ശ്രദ്ധേയമാണ്. എങ്കിലും, പല കാരണങ്ങളാൽ ഭൂരിഭാഗം ഡെവലപ്പർമാരും ഇപ്പോഴും ചെറിയതോ പഴയതോ ആയ മോഡലുകളെയാണ് ആശ്രയിക്കുന്നത്; അത്തരം സാഹചര്യങ്ങളിൽ നിങ്ങളുടെ ബാക്ക്-ഓഫ്-ഹൗസ് പ്രവർത്തനങ്ങളെ വേർതിരിച്ചു തന്നെ കൈകാര്യം ചെയ്യാൻ ഞങ്ങൾ തീർച്ചയായും ശുപാർശ ചെയ്യുന്നു.

ഉദാഹരണങ്ങൾക്കുപകരം പ്രവർത്തന പദ്ധതികൾ ഉപയോഗിക്കുക

റീസണിംഗ് ശേഷിയില്ലാത്ത സാധാരണ മോഡലുകളിൽ ഫ്യൂ-ഷോട്ട് ഉദാഹരണങ്ങൾ ഫലപ്രദമാണ്; കാരണം അവ വളരെ കൃത്യവും വേഗതയേറിയതുമാണ്, മോഡലുകൾ അവയോട് നന്നായി പ്രതികരിക്കുകയും ചെയ്യും. എന്നാൽ ഇതിലെ പ്രധാന പ്രശ്നം അമിതമായ പൊരുത്തപ്പെടുത്തലാണ്. ഒരു മോഡലിന് നമ്മൾ ഒരു ഉദാഹരണം നൽകിയാൽ, അത് അതിലെ വാക്കുകളിലും അതിൻ്റെ താളത്തിലും ഘടനയിലും വിട്ടുമാറാതെ മുറുകെ പിടിക്കുന്നു; പിന്നീട് സാഹചര്യം മാറിയാൽ പോലും ആ ഉദാഹരണത്തിന് സമാനമായ മറുപടികൾ തന്നെ അത് തുടർച്ചയായി നൽകിക്കൊണ്ടിരിക്കും.

അറിയാതെതന്നെ, മോഡലിന് പുറത്തുകടക്കാനാകാത്ത ഒരു തിരക്കഥയാണ് നിങ്ങൾ എഴുതിയത്.

ഇതിന് പകരമായി ഉപയോഗിക്കാവുന്ന കൂടുതൽ സുസ്ഥിരമായ ഒരു മാർഗ്ഗമാണ് പ്രവർത്തന പദ്ധതികൾ അല്ലെങ്കിൽ 'ഹ്യൂറിസ്റ്റിക്സുകൾ'. പ്രത്യേക സാഹചര്യങ്ങളിൽ മോഡൽ എന്താണ് പറയേണ്ടത് എന്ന് കാണിച്ചുകൊടുക്കുന്നതിന് പകരം, കൂടുതൽ വിശാലമായ ഒരു ട്രിഗറും ആക്ഷനും നമ്മൾ നൽകുന്നു; അതായത്, X സംഭവിച്ചാൽ Y ചെയ്യുക.

പ്രധാന വ്യത്യാസം എന്തെന്നാൽ, ഒരൊറ്റ ഉദാഹരണം മാത്രം വെച്ച് X-ലേക്കും Y-ലേക്കും ചുരുങ്ങുന്നത് സിസ്റ്റത്തെ കൂടുതൽ കർക്കശമാക്കുകയേ ഉള്ളൂ, അതിന് പകരം വ്യക്തമായ ഒരു നിർദ്ദേശത്തിലൂടെ അവയ്ക്ക് ശക്തമായ ഒരു അതിർവരമ്പ് തീർക്കുന്നു; ഈ നിർദ്ദേശം എത്രത്തോളം കൃത്യമാണെന്നുവെച്ചാൽ പിന്നീട് ഉദാഹരണങ്ങൾ നൽകേണ്ട ആവശ്യകത തന്നെ ഇല്ലാതാക്കുന്നു. ഇത് ഒരു നിശ്ചിത ടെംപ്ലേറ്റുമായി പൊരുത്തപ്പെടുത്താൻ ശ്രമിക്കുന്നതിന് പകരം, യഥാർത്ഥ സംഭാഷണങ്ങളിലെ വൈവിധ്യങ്ങളോട് കൃത്യമായി പ്രതികരിക്കാൻ ഏജൻ്റിനെ സഹായിക്കുന്നു.

പ്രായോഗികമായി നോക്കുമ്പോൾ ഇത് കേവലം ഉദാഹരണങ്ങൾ നൽകുന്നതിന് പകരമായി എളുപ്പത്തിൽ നടപ്പിലാക്കാൻ കഴിയുന്ന ഇത്തരം ചില അടിസ്ഥാന പ്രമാണങ്ങൾ നൽകുന്നത് പോലെയാണ്:

  • ഒരു പ്രധാന വിവരമെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ, അത് വ്യക്തമാക്കാനായി ഒരൊറ്റ ചോദ്യം ചോദിക്കുക.

  • ആവശ്യമായ ഉത്തരം കണ്ടെത്താൻ സാധിക്കുന്നില്ലെങ്കിൽ, അത് നേരിട്ട് പറയുകയും ലഭ്യമായതിൽ വെച്ച് ഏറ്റവും അനുയോജ്യമായ അടുത്ത പടി നിർദ്ദേശിക്കുകയും ചെയ്യുക.

  • ആവശ്യം നിർദ്ദിഷ്ട സുരക്ഷാ പരിധികൾക്ക് പുറത്താണെങ്കിൽ, ലളിതമായി അത് നിരസിക്കുകയും മറ്റ് അനാവശ്യ വിശദീകരങ്ങളില്ലാതെ തന്നെ സംഭാഷണം വഴിത്തിരിച്ചുവിടുകയും ചെയ്യുക.

ഇത് കാഴ്ചയിൽ അത്ര ആകർഷകമായി തോന്നില്ലായിരിക്കാം, എങ്കിലും നിരവധി മാതൃകാ മറുപടികൾ സൂക്ഷിക്കുന്നതിനേക്കാൾ എത്രയോ മടങ്ങ് കൂടുതൽ ശക്തമാണിത്; കാരണം ഇത് ഒരേ കാര്യം വീണ്ടും ആവർത്തിക്കുന്നതിന് പകരം എങ്ങനെ സ്വയം തീരുമാനമെടുക്കണം എന്നാണ് മോഡലിനെ പഠിപ്പിക്കുന്നത്.

സ്ഥാനത്തെ ഒരു നിർദേശമായി പരിഗണിക്കുക

ഒരു പ്രോംപ്റ്റിൽ ഒരു വിവരം എവിടെയാണ് നൽകിയിരിക്കുന്നത് എന്നത്, അതിന് എത്രത്തോളം പ്രാധാന്യം ലഭിക്കുന്നു എന്നതിനെ സ്വാധീനിക്കുന്നു. വ്യത്യസ്ത മോഡലുകളിലും അവയുടെ ഉപയോഗങ്ങളിലും ഞങ്ങള് തുടർച്ചയായി കണ്ടുവരുന്ന ഒരു രീതിയാണിത്. ഒരു പ്രോംപ്റ്റിൻ്റെ തുടക്കവും അവസാനവും മറ്റെന്തിനേക്കാളും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നു. എന്നാൽ അതിൻ്റെ മധ്യഭാഗത്ത് വരുന്നത് സൂക്ഷ്മമായ വിശദാംശങ്ങളാണ്; സൂക്ഷ്മമായ വിശദാംശങ്ങൾ ഉൾപ്പെടുത്താൻ ഏറ്റവും അനുയോജ്യമായ സ്ഥാനവും അത് തന്നെയാണ്.

ഇത് കണക്കിലെടുത്താണ് ഞങ്ങൾ പ്രോംപ്റ്റുകൾ ക്രമീകരിക്കുന്നത്. ഏജൻ്റിൻ്റെ ചുമതലയും അതിൻ്റെ സ്വഭാവവും ഏറ്റവും മുകളിലാണ് നൽകുന്നത്, അതിലൂടെ മറ്റെന്തിനും മുമ്പായി അതിൻ്റെ ഐഡൻ്റിറ്റി സ്ഥാപിക്കാൻ ഞങ്ങൾക്ക് സാധിക്കുന്നു. മധ്യഭാഗത്താണ് പെരുമാറ്റരീതികളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉൾപ്പെടുത്തുന്നത്: അതായത് സംഭാഷണം എങ്ങനെ മുന്നോട്ട് പോകണം, ഏജൻ്റ് കൈകാര്യം ചെയ്യേണ്ട വിവിധ സാഹചര്യങ്ങൾ ഏവ എന്നിവയെല്ലാം ഇവിടെയാണ് വരുന്നത്. കർശനമായ നിയന്ത്രണങ്ങളും ഒട്ടും വിട്ടുവീഴ്ചയില്ലാത്ത കാര്യങ്ങളും ഏറ്റവും താഴെയാണ് നൽകുന്നത്, അതിലൂടെ അവ എപ്പോഴും "പ്രഥമ" പരിഗണനയിൽ നിലനിൽക്കും.

തീർത്തും നിർണ്ണായകമായ എന്തെങ്കിലും കാര്യമുണ്ടെങ്കിൽ, ഞങ്ങൾ അത് രണ്ട് സ്ഥലങ്ങളിലും ഉൾപ്പെടുത്താറുണ്ട് — ഉദാഹരണത്തിന്, വിരാമചിഹ്നങ്ങളെയോ ഫോർമാറ്റിംഗിനെയോ കുറിച്ചുള്ള ഒരു കർശനമായ നിർദ്ദേശം — വലിയൊരു പ്രോംപ്റ്റിൻ്റെ മധ്യഭാഗത്ത് ഒരു തവണ മാത്രമാണ് വരുന്നതെങ്കിൽ, അത് മോഡൽ ശ്രദ്ധിക്കാതെ പോകാൻ സാധാരണയായി സാധ്യതയുണ്ട്. എന്നാൽ അത് പ്രോംപ്റ്റിൻ്റെ അവസാനത്തിൽ ഒരിക്കൽക്കൂടി ആവർത്തിക്കുമ്പോൾ, മോഡൽ അത് കൃത്യമായി പാലിക്കുന്നു.

സമകാലീന പ്രാധാന്യമുള്ള ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്; സ്ട്രക്ചേഡ് ഔട്ട്‌പുട്ടുകൾ ഉപയോഗിക്കുമ്പോൾ, അവ യഥാർത്ഥത്തിൽ നിങ്ങളുടെ പ്രോംപ്റ്റിലെ ഏറ്റവും അവസാനത്തെ നിർദ്ദേശമായാണ് പ്രവർത്തിക്കുന്നത്. നിങ്ങളുടെ സ്ട്രക്ചേഡ് ഔട്ട്‌പുട്ടുകളിലെ വിവരണം നൽകുന്ന ഫീൽഡുകൾ ലഭിക്കുന്ന മറുപടികളുടെ ഗുണനിലവാരത്തെ കാര്യമായി സ്വാധീനിക്കുന്നു; പ്രോംപ്റ്റിൻ്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ശക്തമായ ഒരു ഔട്ട്പുട്ട് കരാർ രൂപീകരിക്കാൻ ഇതിന് സാധിക്കും.

ഒരു ഫ്രണ്ട്-ഓഫ്-ഹൗസ് പ്രോംപ്റ്റിൻ്റെ ഘടന (പ്രോംപ്റ്റ് 100 ടോക്കണുകൾ ഉള്ളതാണെങ്കിൽ)

തുടക്കം മുതൽ ഒടുക്കം വരെയുള്ള റോൾ നിർവ്വചനം, വ്യക്തിത്വം, ടാസ്ക് നിർവ്വചനം, റെസ്പോൺസ് എഞ്ചിൻ, ഒഴിവാക്കൽ സാഹചര്യങ്ങൾ കൈകാര്യം ചെയ്യൽ, പരിധികൾ, ഔട്ട്പുട്ട് കരാർ എന്നിവ നിറങ്ങളിലൂടെ വേർതിരിച്ചുകാണിക്കുന്ന പ്രോംപ്റ്റ് ഘടനാ ഗ്രിഡ്.

ഈ പ്രോംപ്റ്റിനെ ഉദാഹരണമാക്കൂ

സംസാരശൈലി നിശ്ചയിക്കുന്നതിനായി ഫ്യൂ-ഷോട്ട് ഉദാഹരണങ്ങൾ ഉപയോഗിക്കേണ്ടതില്ല എന്നും ഞങ്ങൾ മനസ്സിലാക്കി; ഉപയോക്താക്കളുമായി നേരിട്ട് ഇടപഴകുന്ന ഞങ്ങളുടെ ഏജൻ്റുകളിൽ ഞങ്ങൾ വരുത്തിയ ഏറ്റവും ഉയർന്ന സ്വാധീനമുള്ള മാറ്റങ്ങളിൽ ഒന്നാണിത്.

പകരം, പ്രോംപ്റ്റ് മുഴുവനായും ലക്ഷ്യമിടുന്ന ശൈലിയിൽ എഴുതുന്നു. ആ ശൈലിയുടെ വിവരണമോ അതിനെ ഏകദേശമായി സൂചിപ്പിക്കുന്ന വിശേഷണങ്ങളുടെ പട്ടികയോ അല്ല, ആദ്യവരി മുതൽ അവസാനവരി വരെ പൂർണമായ ഗദ്യത്തിലുള്ള യഥാർഥ ശൈലിയാണ് വേണ്ടത്. പ്രോംപ്റ്റ് തന്നെയാണ് മാതൃകയാകുന്നത്. ഇതിനെ ഞങ്ങൾ “തിരക്കഥാവിരുദ്ധത” എന്നു വിളിക്കുന്നു: ഇൻപുട്ട് അതേപടി അനുകരിക്കാൻ മോഡലിനെ പ്രേരിപ്പിക്കുമ്പോൾ തന്നെ, ആ പ്രോംപ്റ്റിൻ്റെ അതേ പരിധിക്കുള്ളിൽ നിന്നുകൊണ്ട് കൂടുതൽ വൈവിധ്യമാർന്ന വാക്കുകളും ശൈലികളും ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം ഇത് മോഡലിന് നൽകുന്നു.

ഏകീകൃതമായൊരു ശൈലിക്കുള്ളിൽ വൈവിധ്യം സൃഷ്ടിക്കാൻ ഞങ്ങൾ പ്രോംപ്റ്റ് നൽകുന്നത് ഇങ്ങനെയാണ്. ഏജൻ്റുകൾ ചെയ്യേണ്ട പ്രധാന ടാസ്കുകളിലേക്ക് സംഭാഷണ ശൈലി കൊണ്ടുവരുന്നതിനായുള്ള ഞങ്ങളുടെ തന്ത്രത്തിൻ്റെ ഭാഗമാണിത്; ഇതിനായി പ്രത്യേകം നിർദ്ദേശങ്ങൾ നൽകി സമയം കളയേണ്ടതില്ല, കാരണം നിർദ്ദേശങ്ങളുടെ എണ്ണം പരമാവധി കുറയ്ക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

സംസാരശൈലിക്ക് വ്യക്തമായ ഉദാഹരണങ്ങൾ നൽകുന്നുണ്ടെങ്കിൽ, അവ “എന്ത് ചെയ്യരുത്” എന്നതാണ് കാണിക്കുക. ഉദാഹരണത്തിന്, “എം ഡാഷുകൾ ഒരിക്കലും ഒരിക്കലും ഉപയോഗിക്കരുത്. പതിവ് ശൈലികൾ ഒഴിവാക്കുക. നിയമങ്ങൾ അനാവശ്യമായി കുത്തിനിറയ്ക്കരുത്. ഒരൊറ്റ വാചകം കൊണ്ട് കാര്യം തീർക്കാവുന്നിടത്ത് അനാവശ്യമായ വിശദീകരണങ്ങൾ നൽകരുത്." മോഡലുകൾ സാധാരണയായി വരുത്താൻ സാധ്യതയുള്ള തെറ്റുകളെ മുൻകൂട്ടി ചൂണ്ടിക്കാണിക്കുന്നതുകൊണ്ടാണ്, പോസിറ്റീവായ ലക്ഷ്യങ്ങൾ നൽകുന്നതിനേക്കാൾ ഇത്തരം നെഗറ്റീവ് നിയന്ത്രണങ്ങളേക്കാൾ കൂടുതൽ കൃത്യതയുള്ളതും അതേസമയം സ്വാതന്ത്യം നൽകുന്നതുമാകുന്നത്.

ഇവിടെ ഫോർമാറ്റിംഗും വളരെ പ്രധാനപ്പെട്ടതാണ്, അത് മറുപടിയുടെ ശൈലിയെ സ്വാധീനിക്കുന്നു. ഒരു പ്രോംപ്റ്റിൽ നിറയെ ബുള്ളറ്റ് പോയിൻ്റുകളും ഹെഡ്ഡറുകളും ബ്രാക്കറ്റിലുള്ള നിർദ്ദേശങ്ങളും ഉണ്ടെങ്കിൽ അത് കൂടുതൽ ക്രമബദ്ധവും എന്നാൽ വൈകാരികതയില്ലാത്തതുമായ ഒരു മറുപടി നൽകാൻ മോഡലിനെ പ്രേരിപ്പിക്കും. ഒരു മറുപടി സ്വാഭാവികമായ ഒരു സംഭാഷണം പോലെ തോന്നണമെന്നുണ്ടെങ്കിൽ, നമ്മൾ നൽകുന്ന ഇൻപുട്ട് ഒരു ഷോർട്ട് ഹാൻഡ് രേഖ പോലെ കാണപ്പെടരുത്.

വ്യക്തിത്വത്തേക്കാൾ പ്രധാനം ഭാഷാശൈലിയാണ്

ശൈലി നിശ്ചയിക്കാൻ നൽകുന്ന ഭൂരിഭാഗം പ്രോംപ്റ്റുകളും കേവലം വ്യക്തിത്വവിശേഷണങ്ങളിലേക്ക് ഒതുങ്ങിപ്പോകാറുണ്ട്. അതായത്, ഏജൻ്റിൻ്റെ സംഭാഷണം എങ്ങനെയുള്ളതായിരിക്കണം എന്ന് വിവരിക്കാനായി കുറച്ച് വിശേഷണങ്ങൾ നൽകുക: ഹൃദ്യമായത്, പ്രൊഫഷണലായത്, സൗഹാർദ്ദപരമെങ്കിലും ലളിതമായത് എന്നിങ്ങനെ. ഇതൊന്നും തെറ്റല്ല, പക്ഷേ ഒരു സംഭാഷണം മറ്റുള്ളവർക്ക് എങ്ങനെ അനുഭവപ്പെടുന്നു എന്ന് യഥാർത്ഥത്തിൽ തീരുമാനിക്കുന്നത് അതിൻ്റെ ഭാഷാശൈലിയാണ്; അതായത് ഒരേ കഥാപാത്രമുള്ള ഒരു വ്യക്തി തന്നെ വ്യത്യസ്ത സാമൂഹിക സാഹചര്യങ്ങളിൽ എങ്ങനെ പെരുമാറുന്നു എന്നതാണ്.

ഒരു ചോദ്യം പ്രോസസ്സ് ചെയ്യുമ്പോൾ നൽകുന്ന കാത്തിരിപ്പ് സന്ദേശം അന്തിമ ഉത്തരത്തെപ്പോലെ തോന്നരുത്. സുരക്ഷാപരിധി സംബന്ധിച്ച മറുപടിക്ക് സൗഹൃദസംഭാഷണത്തിൻ്റെ അതേ ഊർജ്ജം പാടില്ല. നിരാശനായ ഉപഭോക്താവിനോട്, വെറുതെ ഉൽപ്പന്നങ്ങൾ നോക്കുന്ന ഒരാളോടുള്ള അതേ ആകർഷണീയതയോ നർമ്മമോ കാണിക്കരുത്.

ഒരേ പ്രോംപ്റ്റ്, വ്യത്യസ്ത ഭാഷാശൈലികൾ, ഉദാഹരണങ്ങളില്ലാതെ

ഹാനികരമായ ഇൻപുട്ടുകൾ, വിഷയേതര അഭ്യർഥനകൾ, അവ്യക്തമായ ഇൻപുട്ട്, പ്രോംപ്റ്റ് ഇൻജക്ഷൻ എന്നിവയ്ക്കുള്ള പ്രതികരണ രീതികൾ വ്യക്തമാക്കുന്ന ചതുർഭുജ ഡയഗ്രം; ഒപ്പം അവ നിരസിക്കുന്നതിനോ വ്യക്തത വരുത്തുന്നതിനോ ഉള്ള മാതൃക ഭാഷാ ശൈലികളും ഇതിലുണ്ട്.

ബ്രാൻഡ് വോയ്സും കോൺവർസേഷൻ ഡിസൈനും തമ്മിലുള്ള വ്യത്യാസം ഇതാണ്. ബ്രാൻഡ് വോയ്സ് സാധാരണയായി ഒരു കഥാപാത്രത്തിൻ്റെ സ്വഭാവത്തെ വിവരിക്കുമ്പോൾ, സാഹചര്യങ്ങൾ മാറുമ്പോൾ ആ കഥാപാത്രം എങ്ങനെ പെരുമാറണം എന്ന് തീരുമാനിക്കുന്നത് കോൺവർസേഷൻ ഡിസൈനാണ്. ഇത് കൃത്യമായി മനസ്സിലാക്കുക എന്നതിനർത്ഥം, നമ്മൾ വെറുതെ AI മറുപടികൾ എഴുതുന്ന പകർപ്പെഴുത്തുകാർ മാത്രമല്ല എന്നാണ്. മറിച്ച്, ഒരു സംഭാഷണത്തിലൂടെ ഒരു ശൈലി അല്ലെങ്കിൽ ഒരു ശബ്ദം എങ്ങനെ മുന്നോട്ട് പോകണമെന്ന് നിശ്ചയിക്കുന്നവരാണ് നമ്മൾ.

സംഭാഷണാധിഷ്ഠിത പ്രോംപ്റ്റിംഗ്

ഈ രീതികളൊന്നും സാങ്കേതികമായി സങ്കീർണ്ണമല്ലെന്ന് നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാകും. അത് തന്നെയാണ് ഇതിൻ്റെ പ്രധാന പ്രത്യേകതയും. ഒരു ഏജൻ്റിക് സംവിധാനത്തിൻ്റെ രൂപകൽപ്പന പ്രധാനപ്പെട്ടതാണെന്നത് ശരിതന്നെ; പക്ഷേ, സംഭാഷണങ്ങളുടെ ഗുണനിലവാരം മികച്ചതാക്കാൻ നിങ്ങൾ പ്രോംപ്റ്റുകൾ രൂപകൽപ്പന ചെയ്യുന്നതിനും അവ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമായി നല്ലൊരു സമയം മാറ്റിവെക്കേണ്ടി വരും.

കേവലം പ്രവർത്തനക്ഷമമായ ഒരു AI-യും യഥാർത്ഥത്തിൽ സംഭാഷണം നടത്താൻ കഴിയുന്ന ഒരു AI-യും തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കുന്നത് കേവലം സാങ്കേതിക രൂപകൽപ്പന കൊണ്ട് മാത്രമല്ല; മറിച്ച് മനുഷ്യർ തമ്മിലുള്ള സംഭാഷണങ്ങളിൽ ഭാഷയും ശ്രദ്ധയും എങ്ങനെ പ്രവർത്തിക്കുന്നു എന്ന് കൃത്യമായി മനസ്സിലാക്കുന്നതിലൂടെയും നിങ്ങളുടെ ഏജൻ്റുകളുടെ പ്രധാന ലക്ഷ്യങ്ങളിലേക്ക് ആ സംഭാഷണശൈലിയെ കൊണ്ടുവരുന്നതിലൂടെയുമാണ്.

AI ഉൽപ്പന്ന സംഘങ്ങൾക്കും എഞ്ചിനീയർമാർക്കും അനുഭവപരിചയമുള്ള ഡിസൈനർമാർക്കും ഒരുപോലെ പ്രധാനപ്പെട്ട കാര്യമാണിത്; ഉപയോക്താക്കളുമായി നേരിട്ട് ഇടപഴകുന്ന AI സംവിധാനങ്ങളിൽ സാങ്കേതിക മികവിന് നൽകുന്ന അതേ പ്രാധാന്യവും കൃത്യതയും കോൺവർസേഷൻ ഡിസൈനും അർഹിക്കുന്നുണ്ട്. കാരണം, ഈ സംഭാഷണങ്ങളുടെ മറുപുറത്തിരിക്കുന്ന മനുഷ്യരെ സംബന്ധിച്ചിടത്തോളം അവിടെ ഒരു മോഡലോ മൾട്ടി-ഏജൻ്റ് സഹകരണമോ ടൂൾ കോളുകളോ ഒന്നുമില്ല — അവർക്ക് മുന്നിൽ ഒരു ഇടപെടൽ മാത്രമേയുള്ളൂ, അത് ഒന്നുകിൽ അവർക്ക് ശരിയാണെന്ന് തോന്നും അല്ലെങ്കിൽ തോന്നില്ല എന്ന് വരാം. ഒന്നുകിൽ അത് സംവിധാനത്തിലുള്ള അവരുടെ വിശ്വാസം വർദ്ധിപ്പിക്കും, അല്ലെങ്കിൽ അത് തകർക്കും.

അവസാനം, ആരും അതിൻ്റെ ഘടനയ്ക്ക് പ്രത്യേകിച്ച് പ്രാധാന്യമൊന്നും കൽപ്പിക്കുന്നില്ല. അവർ ആസ്വദിക്കുന്നത് ആ സംഭാഷണം മാത്രമാണ്.

സംഭാഷണം ഉൽപ്പന്നത്തെപ്പറ്റിത്തന്നെയാണ്.

രചയിതാക്കൾ

Douglas Smith, Sam Netherwood